This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍

സംസ്ഥാനത്തിന്റെ വികസന ആവശ്യങ്ങള്‍ക്ക് യോജിച്ച വിധം ശാസ്ത്രസാങ്കേതിക പദ്ധതികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുകയും നവീകരിക്കുകയും ചെയ്യുന്നതിനായി സ്ഥാപിതമായിട്ടുള്ള ഒരു സ്വയംഭരണ സ്ഥാപനം. ഭാരതസര്‍ക്കാരിന്റെ ശാസ്ത്രനയത്തിന്റെ ഭാഗമായി 1972-ല്‍ രൂപീകൃതമായ ശാസ്ത്രസാങ്കേതിക പരിസ്ഥിതി സംസ്ഥാനക്കമ്മിറ്റി പുനഃസംഘടിപ്പിച്ചുകൊണ്ടാണ് കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന് രൂപം നല്‍കിയിട്ടുള്ളത്. തിരുവനന്തപുരം ആസ്ഥാനമായി 2002 നവംബറില്‍ നിലവില്‍ വന്ന കൗണ്‍സിലിന്റെ സാമ്പത്തികപരവും ഭരണപരവുമായ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത് 2003 ഏപ്രിലിലാണ്. പരിസ്ഥിതിക്കും ജീവിത ഗുണനിലവാരത്തിനും അതോടൊപ്പം സാമ്പത്തിക പുരോഗമനത്തിനും ഉതകുംവിധം ശാസ്ത്ര സാങ്കേതിക പരിപാടികള്‍ നടപ്പിലാക്കുക എന്നതാണ് കൗണ്‍സിലിന്റെ പ്രാഥമിക ഉദ്ദേശ്യം.

ഭൗമശാസ്ത്ര പഠനകേന്ദ്രം -തിരുവനന്തപുരം

ഭൗമശാസ്ത്ര പഠനകേന്ദ്രം (സെസ്സ്), ജലവിഭവവികസന പരിപാലന കേന്ദ്രം (സി.ഡബ്ല്യു.ആര്‍.ഡി.എം), കേരള വനഗവേഷണ കേന്ദ്രം (കെ.എഫ്.ആര്‍.ഐ), നാഷണല്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ പ്ലാനിങ് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ (നാറ്റ്പാക്ക്), ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (റ്റി.ബി.ജി.ആര്‍.ഐ), കേരള സ്കൂള്‍ ഒഫ് മാത്തമാറ്റിക്സ് (കെ.എസ്.എം) എന്നിവയാണ് കൗണ്‍സിലിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ശാസ്ത്രഗവേഷണ സ്ഥാപനങ്ങള്‍. ഇതിനു പുറമേ സോഫിസ്റ്റിക്കേറ്റഡ് ടെസ്റ്റ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍ സെന്റര്‍ (എസ്.റ്റി.ഐ.സി), ഇന്റഗ്രേറ്റഡ് റൂറല്‍ ടെക്നോളജി സെന്റര്‍ (ഐ.ആര്‍.റ്റി.സി), മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ സൊസൈറ്റി (എം.ബി.ജി.എസ്) എന്നീ സ്ഥാപനങ്ങളും കൗണ്‍സിലിന്റെ ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്നു. കൂടാതെ നിരവധി ഗവേഷണ പരിപാടികളുടെയും പദ്ധതികളുടെയും മേല്‍നോട്ടവും കൗണ്‍സിലിന്റെ ചുമതലയില്‍ നടക്കുന്നുണ്ട്.

കൗണ്‍സിലിന്റെ ശാസ്ത്രസാങ്കേതിക വികസനപദ്ധതിയുടെ (എസ്.റ്റി.ബി) കീഴില്‍ വരുന്ന ഫ്ലാഗ്ഷിപ്പ് പരിപാടിയാണ് ശാസ്ത്ര ഗവേഷണ പരിപാടി (എസ്.ആര്‍.എസ്). സംസ്ഥാനത്തെ അടിസ്ഥാനപരവും പ്രായോഗികവുമായ ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുകയാണ് ഇതിന്റെ ലക്ഷ്യം. സര്‍വകലാശാലകളിലെ വിവിധ വകുപ്പുകള്‍ക്കു കീഴിലും കോളജുകളിലും ശാസ്ത്ര-എന്‍ജിനീയറിങ് മേഖലകളില്‍ ഗവേഷണ വികസന പദ്ധതികള്‍ക്ക് എസ്.റ്റിപി. പദ്ധതിയിലൂടെ കൗണ്‍സില്‍ സാമ്പത്തിക സഹായം നല്‍കുന്നു. കൂടാതെ 'സാര്‍ഡ്' എന്ന പദ്ധതിയിലൂടെ സര്‍വകലാശാല വകുപ്പുകളിലും കോളജുകളിലും ഗവേഷണ വികസന സ്ഥാപനങ്ങളിലും അത്യാധുനിക ഉപകരണങ്ങള്‍ വാങ്ങുന്നതിനും ലബോറട്ടറികള്‍ നവീകരിക്കുന്നതിനും സാമ്പത്തിക സഹായം നല്‍കിവരുന്നു. ബിരുദാനന്തര-ഗവേഷണ വിദ്യാര്‍ഥികള്‍ക്ക് പഠനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ശാസ്ത്രപദ്ധതികള്‍ നടപ്പിലാക്കാന്‍ ധനസഹായം നല്‍കുന്ന സ്റ്റുഡന്റ് പ്രോജക്ട്, എന്‍ജിനീയറിങ്, സാങ്കേതികവിദ്യാമേഖലകളില്‍ ഉന്നത നിലവാരമുള്ള ഗവേഷണ പദ്ധതികള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ഇ.റ്റി.പി. പദ്ധതി, പരമ്പരാഗത ഗ്രാമീണ സാങ്കേതികവിദ്യ പ്രോത്സാഹിപ്പിക്കുന്നതിനും നിലവാരം ഉയര്‍ത്തുന്നതിനും അതു വഴി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും അതോടൊപ്പം ഗ്രാമീണ ജനതയുടെ കഠിനാധ്വാനം കുറയ്ക്കുന്നതിനുമായി സാമ്പത്തിക സഹായം നല്‍കുന്ന ഗ്രാമീണ സാങ്കേതികവിദ്യാപരിപാടി (ആര്‍.റ്റി.പി.), കേരളത്തിലെ പരിസ്ഥിതിക്ക് അനുയോജ്യമായ ഗവേഷണപരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിന് ശാസ്ത്രജ്ഞരെയും ഗവേഷകരെയും സഹായിക്കാന്‍ ഉതകുന്ന തരത്തിലുള്ള പരിതഃസ്ഥിതി - പരിസ്ഥിതി വിജ്ഞാപനപരിപാടി (ഇ&ഇ), ശാസ്ത്രസാങ്കേതിക പരിപാടികളുടെ മാര്‍ഗനിര്‍ദേശങ്ങളും പ്രയോഗവും പ്രചരിപ്പിക്കുന്നതിനാവശ്യമായ ശാസ്ത്ര ജനകീയവത്കരണ പരിപാടി, സ്കൂളുകളില്‍ മോഡല്‍ ലബോറട്ടറികള്‍ സ്ഥാപിക്കുന്ന ശാസ്ത്രപോഷിണിപദ്ധതി, ശാസ്ത്രവിഷയങ്ങളില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികള്‍ക്കായുള്ള ഗവേഷണ ഫെലോഷിപ്പ് എന്നിവയും ദേശീയ ശാസ്ത്ര ദിനം, ദേശീയസാങ്കേതിക ദിനം എന്നിവയുടെ ആചരണം, കേരള സയന്‍സ് കോണ്‍ഗ്രസ്, ശാസ്ത്ര സാങ്കേതിക സെമിനാര്‍, ശില്പശാലകള്‍ തുടങ്ങിയവയുടെ സംഘാടനവും കൗണ്‍സിലിന്റെ പ്രധാന പരിപാടിയാണ്. കൂടാതെ മലയാളത്തില്‍ മികച്ച ശാസ്ത്രസാഹിത്യം, ബാലശാസ്ത്രസാഹിത്യം, വൈജ്ഞാനിക ശാസ്ത്രസാഹിത്യം, ജനപ്രിയ ശാസ്ത്രസാഹിത്യം എന്നിവയ്ക്ക് ഓരോ വര്‍ഷവും കൗണ്‍സില്‍ അവാര്‍ഡ് നല്‍കിവരുന്നു.

സ്കൂള്‍ വിദ്യാര്‍ഥികളില്‍ പരിസ്ഥിതി അവബോധം സൃഷ്ടിക്കുന്നതിനായി രാജ്യത്തെ സ്കൂളുകള്‍ കേന്ദ്രീകരിച്ച് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിവരുന്ന ദേശീയ ഗ്രീന്‍ കോര്‍പ്പസ് പദ്ധതി എന്ന ഇക്കോക്ലബ്ബുകളുടെ കേരളത്തിലെ മേല്‍നോട്ടം കൗണ്‍സിലിലാണ് നിക്ഷിപ്തമായിരിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ ടെക്നോളജി ഇന്‍ഫര്‍മേഷന്‍ ഫോര്‍കാസ്റ്റിങ് ആന്‍ഡ് അസസ്മെന്റ് കൗണ്‍സിലിന്റെ (റ്റി.ഐ.എഫ്.എ.സി) ഉപഗ്രഹകേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കേരള ബൗദ്ധിക സ്വത്തവകാശ വിവരകേന്ദ്രം സ്ഥാപിച്ചത് കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍